Monday, May 26, 2008
റബ്ബര്‍- അധികമായാല്‍ അമൃതും വിഷം
കേരളത്തിലെ കാര്‍ഷികമേഖലയില്‍ ഇപ്പോള്‍ റബ്ബറിന്റെ തേരോട്ടമാണ്. കര്‍ഷകര്‍ മുഴുവന്‍ ഇപ്പോള്‍ റബ്ബറിനു പിന്നാലെയാണ്. ഒരു സെന്റ് വിടാതെ മുഴുവന്‍ സ്ഥലത്തും റബ്ബര്‍ വച്ചുകൂട്ടുകയാണ്. അവരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല, എന്തെങ്കിലും ആദായം കിട്ടുന്നത് റബ്ബറില്‍ നിന്നുമാത്രമാണ്. നല്ല വിളവുതരുന്ന പല വ്യത്യസ്ഥ വിളകളും നിഷ്കരുണം വെട്ടി ഒഴിവാക്കി റബ്ബര്‍ വക്കുകയാണ്. എന്നാല്‍ ഒരു വിളയേ മാത്രം അമിതമായി ആശ്രയിക്കുന്നത് ആത്മഹത്യാപരമാണ് എന്നത് കര്‍ഷകസുഹൃത്തുക്കള്‍ മനസിലാക്കുന്നില്ല, അല്ലെങ്കില്‍ ഓര്‍ക്കുന്നില്ല. ഏകവിളകൃഷിയുടെ അപകടങ്ങളെ പറ്റി റബ്ബര്‍ ബോര്‍ഡും വലിയ പ്രാധാന്യം കൊടുത്തു കാണുന്നില്ല. മുന്‍-കാലങ്ങളില്‍ ഒരു 5 ഏക്ര ഭൂമിയുള്ള കര്‍ഷകന്‍ 3 ഏക്രയില്‍ റബ്ബറും ബാക്കി സ്ഥലത്ത് തെങ്ങ്, കമുക്, പറങ്കിമാവ്, കുരുമുളക് തുടങ്ങിയ ദീര്‍ഘകാല വിളകളും മാവ്, പ്ലാവ്, തേക്ക്, പുളി, മുള എന്നിവയും കൂടാതെ വാഴ, കറിവേപ്പ്, മുരിങ്ങ, പപ്പായ, കപ്പ, പച്ചക്കറികള്‍ എന്നിവയും കൃഷിചെയ്യുമായിരുന്നു. കര്‍ഷകനു മാത്രമല്ല പ്രകൃതിക്കും അതുകൊണ്ടുള്ള മെച്ചങ്ങളേ പറ്റി പ്രത്യേകിച്ച് എഴുതേണ്ട കാര്യമില്ലല്ലോ. 4-5 വര്‍ഷങ്ങള്‍ക്കു മുന്‍പുണ്ടായതുപോലുള്ള ഒരു വിലത്തകര്‍ച്ച വീണ്ടും വരുകയാണെങ്കില്‍, അല്ലെങ്കില്‍ തെങ്ങിനു കാറ്റുവീഴ്ച പോലെ മാരകമായ എന്തെങ്കിലും അസുഖങ്ങള്‍ അല്ലെങ്കില്‍ കീടബാധ ( ഒരു പ്രദേശത്തു മുഴുവന്‍ ഒരേയിനം വിള മാത്രം കൃഷിചെയ്താല്‍ രോഗകീടബാധകള്‍ കൂടുതലായിരിക്കും)ഉണ്ടാവുകയാണെങ്കില്‍ ഇവരുടേയെല്ലാം സ്ഥിതി എന്താവും? വിഷം വാങ്ങാന്‍ പോലും കാശില്ലാതെ വലയും. റബ്ബര്‍ വിളയിറക്കുമ്പോള്‍ ഇപ്പോഴത്തെ നിലയില്‍ നിന്നും ചെറിയൊരു വ്യത്യാസം വരുത്തിയാല്‍ പ്രശ്നത്തിന്റെ ഗൌരവം കുറേയൊക്കെ കുറയ്ക്കാം എന്നു തോന്നുന്നു. 150 റബ്ബര്‍ തൈകള്‍ നടുവാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്ത് 100 റബ്ബര്‍ തൈകളും 50 തേക്ക്, മഹാഗണി, ഇരൂള്‍, വേങ്ങ, വാക തുടങ്ങിയ വൃക്ഷവിളകളും നടുക. എങ്കില്‍ ഏകവിളത്തോട്ടങ്ങളുടെ ദൂഷ്യവശങ്ങളായ അമിതമായ കീടരോഗബാധകള്‍, ഒരു കൂട്ടം മൂലകങ്ങല്‍ മാത്രം തുടര്‍ച്ചയായി നീക്കം ചെയ്യപ്പെടല്‍ എന്നിവ ഒഴിവാക്കാം. രണ്ടു വരി റബ്ബറിനുശേഷം ഒരുവരി മറ്റുമരങ്ങള്‍ തുടര്‍ന്നു വീണ്ടും രണ്ടു വരി റബ്ബര്‍ എന്ന രീതിയില്‍ നടുകയാണെങ്കില്‍ ടാപ്പിങ്ങ് അനായാസമാകും. സ്ലോട്ടര്‍ ടാപ്പിംഗ് കഴിഞ്ഞ് റബ്ബര്‍ മരങ്ങള്‍ വില്‍ക്കുന്ന കൂട്ടത്തില്‍ മറ്റുമരങ്ങള്‍ കൂടെ വിറ്റു അധികവാരുമാനം നേടാം. കുറച്ചു ദീര്‍ഘവീക്ഷണത്തോടെ കാര്യങ്ങള്‍ നടത്തുകയാണെങ്കില്‍ നമുക്കും നാടിനും നല്ലത്.
Saturday, May 24, 2008
കൃഷിവകുപ്പുദ്യോഗസ്ഥര്‍ അഥവാ വെള്ളാനകള്‍
ഇന്നലത്തെ അമൃത ന്യൂസില്‍ പാലക്കാട്ടെ കുറെ കൃഷിവകുപ്പുദ്യോഗസ്ഥരുടെ ഇടയില്‍ കൃഷിയേസമ്പന്ധിച്ചു നടത്തിയ ഒരു പരീക്ഷയില്‍ അഞ്ചക്കശമ്പളം വാങ്ങുന്ന വീരന്മാരെല്ലാം മാര്‍ക്കായി ‘കുമ്പളങ്ങ' വാങ്ങി ‘പൂജ്യന്‍’മാരായി എന്നു കണ്ടു. കര്‍ഷകരോട് ഇതേപറ്റി ചോദിച്ചാല്‍ അവര്‍ക്ക് ഈ വാര്‍ത്തയില്‍ ഒട്ടും പുതുമ ഉണ്ടാവില്ല. അതേസമയം ഉദ്യോഗസ്ഥര്‍ക്കു നല്‍കിയ ചോദ്യങ്ങളുടെ മാതൃക ഒന്നു വ്യത്യാസപ്പെടുത്തിയാല്‍ അവരെല്ലാം A+ മാര്‍ക്കു വാങ്ങുമായിരുന്നു. ഉദാഹരണത്തിനു കര്‍ഷകര്‍ക്കുള്ള ആനുകൂല്യങ്ങള്‍ നല്‍കാന്‍ എങ്ങനെ പരമാവധി താമസം വരുത്താം, അവര്‍ക്കുള്ള നക്കാപ്പിച്ച ആനുകൂല്യങ്ങളില്‍ എങ്ങനെ കൈയ്യിട്ടുവാരാം എന്നിങ്ങനെ. സര്‍ക്കാറിനും കൃഷിക്കാര്‍ക്കും ഒരുപോലെ ബാധ്യതയായ ഇത്തരക്കാരെ ഒഴിവാക്കാനോ നിലക്കു നിര്‍ത്താനോ മാര്‍ഗ്ഗമൊന്നുമില്ലേ...
Thursday, May 22, 2008
കാര്‍ഷികമേഖല വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന തൊഴില്‍ രംഗം
കാര്‍ഷികമേഖല ഇന്ന് ഒരു വഴിത്തിരിവിലാണ്; ഇപ്പോഴത്തേ ലക്ഷണം കണ്ടാല്‍ ഈ തൊഴില്‍ രംഗം ഈ തലമുറയോടെ അന്യംനിന്നു പോകും എന്നാണു തോന്നുന്നത്. പുതിയ തലമുറക്കു ഈ രംഗത്തേക്കു കടന്നു വരാന്‍ ഒട്ടും താല്പര്യമില്ല; അവരേ പഴിച്ചിട്ടു കാര്യമില്ല, കൃഷി മണ്ടന്‍മാര്‍ക്കു നീക്കിവച്ച ഒരു തൊഴിലാണ് എന്നാണ് അവര്‍ കരുതുന്നത്. അതുകൊണ്ട് പുതിയ തലമുറ സുരക്ഷിതമേഖല എന്ന നിലക്കു +2 കഴിഞ്ഞാല്‍ ഉടന്‍ തന്നെ എന്ര-ന്‍സ് എഴുതുന്നു, കിട്ടിയില്ലെങ്കില്‍ രക്ഷിതാക്കളെക്കൊണ്ടു കടമെടുപ്പിച്ചെങ്കിലും ഒരു വര്‍ഷത്തെ പ്രവേശന പരീക്ഷ കോഴ്സിനു ചേരുന്നു. രക്ഷിതാവ് ഒരു കര്‍ഷകനാണെങ്കില്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തെ അദ്ധ്വാനഫലമാണ് ഇതിനായി വിനിയോഗിക്കേണ്ടി വരുന്നത്. ഒരു വര്‍ഷത്തേ അഭ്യാസം കഴിഞ്ഞാലും ഭാഗ്യവാന്മാര്‍ക്കുമാര്‍ക്കു മാത്രമേ എന്റ-ന്‍സ് ലഭിക്കുകയുള്ളു എന്നതു വേറെ കാര്യം. ഇങ്ങനെ എല്ലാവരും കണ്ടമാനം സംഖ്യ ചെലവുചെയ്ത് എഞ്ചിനീയര്‍മാരും ഡോക്ടര്‍മാരും ആയാല്‍ അവരുടെ ഭാവിയേ പറ്റി ഒന്നു ആലോചിച്ചുനോക്കൂ. സമീപഭാവിയില്‍ തന്നെ ഓട്ടോ ഓടിക്കുന്ന എഞ്ചിനീയറേയും, വില്ലേജ് ഓഫീസില്‍ ഗുമസ്തനായി ഒരു ഡോക്ടറേയും വീട്ടിലെ പ്ലംബിങ്ങ് റിപയറിനു ഒരു മെക്കാനിക്കല്‍ എഞ്ചിനീയറേയും പലചരക്കു പീടിക നടത്തുന്ന വക്കീലിനേയും പ്രതീക്ഷിക്കാം. ദൌര്‍ഭാഗ്യമുണ്ടെങ്കില്‍ കര്‍ഷകത്തൊഴിലാളിയായിപോലും ഇത്തരക്കാരെ കിട്ടുമെന്നു തോന്നുന്നു.
Subscribe to:
Posts (Atom)