കേരളത്തിലെ കാര്‍ഷികമേഖലയില്‍ ഇപ്പോള്‍ റബ്ബറിന്റെ തേരോട്ടമാണ്. കര്‍ഷകര്‍ മുഴുവന്‍ ഇപ്പോള്‍ റബ്ബറിനു പിന്നാലെയാണ്. ഒരു സെന്റ് വിടാതെ മുഴുവന്‍ സ്ഥലത്തും റബ്ബര്‍ വച്ചുകൂട്ടുകയാണ്. അവരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല, എന്തെങ്കിലും ആദായം കിട്ടുന്നത് റബ്ബറില്‍ നിന്നുമാത്രമാണ്. നല്ല വിളവുതരുന്ന പല വ്യത്യസ്ഥ വിളകളും നിഷ്കരുണം വെട്ടി ഒഴിവാക്കി റബ്ബര്‍ വക്കുകയാണ്. എന്നാല്‍ ഒരു വിളയേ മാത്രം അമിതമായി ആശ്രയിക്കുന്നത് ആത്മഹത്യാപരമാണ് എന്നത് കര്‍ഷകസുഹൃത്തുക്കള്‍ മനസിലാക്കുന്നില്ല, അല്ലെങ്കില്‍ ഓര്‍ക്കുന്നില്ല. ഏകവിളകൃഷിയുടെ അപകടങ്ങളെ പറ്റി റബ്ബര്‍ ബോര്‍ഡും വലിയ പ്രാധാന്യം കൊടുത്തു കാണുന്നില്ല. മുന്‍-കാലങ്ങളില്‍ ഒരു 5 ഏക്ര ഭൂമിയുള്ള കര്‍ഷകന്‍ 3 ഏക്രയില്‍ റബ്ബറും ബാക്കി സ്ഥലത്ത് തെങ്ങ്, കമുക്, പറങ്കിമാവ്, കുരുമുളക് തുടങ്ങിയ ദീര്‍ഘകാല വിളകളും മാവ്, പ്ലാവ്, തേക്ക്, പുളി, മുള എന്നിവയും കൂടാതെ വാഴ, കറിവേപ്പ്, മുരിങ്ങ, പപ്പായ, കപ്പ, പച്ചക്കറികള്‍ എന്നിവയും കൃഷിചെയ്യുമായിരുന്നു. കര്‍ഷകനു മാത്രമല്ല പ്രകൃതിക്കും അതുകൊണ്ടുള്ള മെച്ചങ്ങളേ പറ്റി പ്രത്യേകിച്ച് എഴുതേണ്ട കാര്യമില്ലല്ലോ. 4-5 വര്‍ഷങ്ങള്‍ക്കു മുന്‍പുണ്ടായതുപോലുള്ള ഒരു വിലത്തകര്‍ച്ച വീണ്ടും വരുകയാണെങ്കില്‍, അല്ലെങ്കില്‍ തെങ്ങിനു കാറ്റുവീഴ്ച പോലെ മാരകമായ എന്തെങ്കിലും അസുഖങ്ങള്‍ അല്ലെങ്കില്‍ കീടബാധ ( ഒരു പ്രദേശത്തു മുഴുവന്‍ ഒരേയിനം വിള മാത്രം കൃഷിചെയ്താല്‍ രോഗകീടബാധകള്‍ കൂടുതലായിരിക്കും)ഉണ്ടാവുകയാണെങ്കില്‍ ഇവരുടേയെല്ലാം സ്ഥിതി എന്താവും? വിഷം വാങ്ങാന്‍ പോലും കാശില്ലാതെ വലയും. റബ്ബര്‍ വിളയിറക്കുമ്പോള്‍ ഇപ്പോഴത്തെ നിലയില്‍ നിന്നും ചെറിയൊരു വ്യത്യാസം വരുത്തിയാല്‍ പ്രശ്നത്തിന്റെ ഗൌരവം കുറേയൊക്കെ കുറയ്ക്കാം എന്നു തോന്നുന്നു. 150 റബ്ബര്‍ തൈകള്‍ നടുവാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്ത് 100 റബ്ബര്‍ തൈകളും 50 തേക്ക്, മഹാഗണി, ഇരൂള്‍, വേങ്ങ, വാക തുടങ്ങിയ വൃക്ഷവിളകളും നടുക. എങ്കില്‍ ഏകവിളത്തോട്ടങ്ങളുടെ ദൂഷ്യവശങ്ങളായ അമിതമായ കീടരോഗബാധകള്‍, ഒരു കൂട്ടം മൂലകങ്ങല്‍ മാത്രം തുടര്‍ച്ചയായി നീക്കം ചെയ്യപ്പെടല്‍ എന്നിവ ഒഴിവാക്കാം. രണ്ടു വരി റബ്ബറിനുശേഷം ഒരുവരി മറ്റുമരങ്ങള്‍ തുടര്‍ന്നു വീണ്ടും രണ്ടു വരി റബ്ബര്‍ എന്ന രീതിയില്‍ നടുകയാണെങ്കില്‍ ടാപ്പിങ്ങ് അനായാസമാകും. സ്ലോട്ടര്‍ ടാപ്പിംഗ് കഴിഞ്ഞ് റബ്ബര്‍ മരങ്ങള്‍ വില്‍ക്കുന്ന കൂട്ടത്തില്‍ മറ്റുമരങ്ങള്‍ കൂടെ വിറ്റു അധികവാരുമാനം നേടാം. കുറച്ചു ദീര്‍ഘവീക്ഷണത്തോടെ കാര്യങ്ങള്‍ നടത്തുകയാണെങ്കില്‍ നമുക്കും നാടിനും നല്ലത്.