കേരളത്തിലെ നാല്ക്കാലികളുടേയും കോഴി താറാവ് തുടങ്ങിയ വളര്‍ത്തു പക്ഷികളുടേയും എണ്ണം ആശങ്കാജനകമാംവണ്ണം കുറയുന്നതായാണു സര്‍വ്വേകള്‍ സൂചിപ്പിക്കുന്നത് എന്നു ഈയിടെ പത്രത്തില്‍ വായിച്ചു. നമ്മുടെ ഭാവി തലമുറക്കു ഈവക വളര്ത്തുജീവികളേ ഇനി ചിത്രത്തിലോ ടീവിയിലോ അല്ലെങ്കില്‍ മൃഗശാലയില്‍ ചെന്നാലോ മാത്രമേ കാണാന്‍ പറ്റൂ എന്നനിലയിലേക്കാണു കാര്യങ്ങളുടെ നീക്കം എന്നര്‍ത്ഥം.ഇപ്പോള്‍തന്നെ സാമ്പത്തികമായി താഴേക്കിടയിലുള്ളവര്‍ മാത്രമാണ് ഇവയേ വളര്‍ത്തുന്നത്. കുറേ അദ്ധ്വാനം ഉണ്ടെങ്കിലും ഒരു ഉപവരുമാനം എന്ന നിലക്കാണു അവര്‍ ഇതു കൊണ്ടുനടത്തുന്നത്. അവര്‍ ഇപ്പോള്‍ നേരിടുന്ന പ്രശ്നങ്ങളിലേക്കു ഒന്ന് എത്തിനോക്കിയാല്‍ മേല്പറഞ്ഞ സംഗതിക്കുള്ള കാരണം മനസ്സിലാക്കാം. ആദ്യകാരണം ജീവിതരീതിയില്‍ വന്ന മാറ്റം തന്നെ; കുടുംബങ്ങളെല്ലാം അണുകുടുംബങ്ങളായി. കച്ചവടമനോഭാവം എല്ലാമേഖലകളിലും കടന്നുകൂടി; ഒരു പശുവിനേ വളര്‍ത്തുന്നതിനേക്കാളും സൌകര്യം കടയില്‍ ചെന്നു മില്‍മ വാങ്ങുന്നതല്ലേ എന്ന ചിന്ത.
ഇനി മറ്റൊരുവശം നോക്കാം, ഒരു പശുവിനെ വളര്‍ത്തിയേ അടങ്ങൂ എന്നു കരുതുന്ന ഒരു കര്ഷകന് നേരിടുന്ന പ്രശ്നങ്ങള്‍ ചില്ലറയല്ല. വീട്ടാവശ്യത്തിനു നല്ല പാലും വിളകള്ക്കുപയോഗിക്കാന് കുറേ ചാണകവും കൂടാതെ അധികമുള്ള പാല് വിറ്റു ഒരു അധിക വരുമാനവും ആകും എന്നു കരുതിയാണു പലരും ഈ സാഹസത്തിനു മുതിരുന്നത്. ആദ്യത്തെ പ്രശ്നം തൊഴിലാളി ക്ഷാമവും ഉയര്‍ന്ന കൂലിയും വൈക്കോല്‍ കാലിത്തീറ്റ തുടങ്ങിയവയുടെ ഉയര്‍ന്ന വിലയും. പശുവിന്ടെ ശുശ്രൂഷ സ്വയം ചെയ്യാമെന്നുവച്ചാല്‍ മന:സമാധനത്തോടെ ഒരു കല്യാണത്തിനോ സൌഹൃദസന്ദര്ശനത്തിനോ പോകാന്‍ നിവൃത്തിയുണ്ടാകില്ല. അടുത്തതു മൃഗാസ്പത്രി ജീവനക്കാരുടെ പീഡനം. അഞ്ചക്കശംബളവും മറ്റാനുകൂല്യങ്ങളും ( സ്വന്തം ഭൂമിയുടെ ഒരു ഭാഗം വില്‍ക്കുമ്പോഴോ ബാങ്കുകാരുടെ കെണിയില്‍ വീണു ലോണെടുക്കുമ്പോഴോ ആണ് ഒരു ദാരിദ്ര്യവാസിയായ കര്ഷകന് ഇത്രയും വലിയ സംഖ്യ ഒന്നിച്ചു കാണുന്നത്) വാങ്ങുന്ന നല്ലൊരുപങ്ക് ഉദ്യോഗസ്തരും, ആത്മാര്‍ത്ഥതയുള്ള കുറച്ചുപേര്‍ ഒഴികെ, മേല്‍പ്പറഞ്ഞ ഹതഭാഗ്യനെ ചൂഷണം ചെയ്യുകയാണ്. ഉദാഹരണത്തുന്; ഇപ്പോഴത്തേ പശുക്കള്‍ക്കെല്ലാം തന്നേ ഉല്പാദനം കൂടുതലുണ്ട് എന്നു പറയപ്പെടുന്നുണ്ടെങ്കിലും രോഗങ്ങളും കൂടുതലാണ്, മിക്കപ്പോഴും 4-5 ദിവസം നീണ്ടുനില്‍ക്കുന്ന ആന്ടീബയോട്ടിക് ഇഞ്ചക്ഷന് വേണ്ടിവരും, മരുന്നുവില ഇപ്പോഴത്തേ ഡോളര്‍ വില പോലെയല്ല, ദിനം ദിനം മുകളിലോട്ടുതന്നെ. പശുവിനെ ആശുപത്രിയിലേക്കു കെട്ടിവലിക്കാനുള്ള അസൌകര്യം കണക്കിലെടുത്ത് ഡോക്ടറെ മൊബൈലില്‍ വിളിക്കും ( ഡോക്ടറുടെ നമ്പര്‍ ഏതു ചായക്കടയിലും ഉണ്ടാവും). ഉടനേ ഡോക്ടറും ഒരു ശിങ്കിടിയും പാഞ്ഞുവന്നു ചികിത്സതുടങ്ങും. അന്നു ഡോക്ടര്‍ക്കു 100-ഉം സഹായിക്കു 50-ഉം കൊടുത്തുവിടും. അടുത്ത ദിവസവും ഇതാവര്‍ത്തിക്കും, രണ്ടോ മൂന്നോ ദിവസം കൂടെ ഇതാവര്ത്തിക്കണം, പക്ഷേ മൂന്നാം ദിവസം മേല്പറഞ്ഞ സംഖ്യ കൊടുക്കാന്‍ നമ്മുടെ കര്‍ഷകനു വകയുണ്ടാകില്ല, അതു ഡോക്ടര്‍ക്കും അറിയാം, അപ്പോഴെക്കും പശുവിന്റേ അസുഖം മാറിയതുപോലെ അനുഭവപ്പെടുമെങ്കിലും കോഴ്സു പൂര്‍ത്തിയാകാത്തതുകാരണം രണ്ടാഴ്ച-ഒരു മാസത്തിനുശേഷം അസുഖം കൂടുതല്‍ രൂക്ഷതയോടെ പ്രത്യക്ഷപ്പെടും. അപ്പോള്‍ വീണ്ടും തനിക്കോ തന്റെ ഒരു സഹപ്രവര്‍ത്തകനോ ഒരു പണികൂടെ കിട്ടുമെന്ന് അറിയാം; അതുകൊണ്ട് അദ്ദേഹം ചികിത്സനിറുത്താം എന്നു പറയും, ഉടമക്കും സന്തോഷമാകും. ഇങ്ങനെ രണ്ടോ മൂന്നോ ചികിത്സ കഴിയുമ്പോഴെക്കും ക്ഷീരകര്ഷകന് ഈ കസര്‍ത്തു മതിയാക്കാന്‍ നിര്‍ബന്ധിതനാകും. ഇതുകൂടാതേ ഉദ്യോഗസ്തര്‍ തമ്മിലുള്ള വടംവലികളിലും ബലിയാടാകുന്നത് ഈ പാവം തന്നെ. ഇത്രയും പ്രശ്നങ്ങള്‍ക്കിടയിലും പാലക്കാടുജില്ലയുടെ കിഴക്കന്‍ പ്രദേശങ്ങളിലുള്ള കുറേ കര്‍ഷകര്‍ നല്ല നിലയില്‍ കാലിവളര്‍ത്തി കുടുംബം കഴിയുന്നുണ്ട് എന്നത് എടുത്തു പറയേണ്ടതാണ്.ഏറ്റവും അവസാനം എന്നാല്‍ ഏറ്റവും പ്രധാനം മലയാളിയുടെ വൈറ്റ്കോളര്‍ മനോഭാവം തന്നെ. ഒരു പശുവിനെ വളര്‍ത്തുന്നതോ മുറ്റത്തു നാലു കോഴികളേ വളര്‍ത്തുന്നതോ ദുരഭിമാനത്തിനു ക്ഷീണമല്ലെ?
2 comments:
ശശി പറഞ്ഞതാണ് യാതാര്‍ഥ്യം, പാവം ക്ഷീരകര്‍ഷകരെ പിഴിയുന്ന ഉദ്യോഗസ്ഥരും. കൃഷിയും, കാലിവളര്‍ത്തലുമൊക്കെ ദുരഭിമാനത്തിന് യോജിക്കാത്തതും, പിന്നെ അതുമൂലമുണ്ടാകുന്ന അല്ലറ ചില്ലറ അസൗകര്യങ്ങളും! നല്ല പോസ്റ്റ്. ആശംസകള്‍.
കുറെ വര്‍ഷങ്ങള്‍ക്ക് മുമ്പ് രണ്ട് പശുക്കളെ വളര്‍ത്തിയാല്‍ അതില്‍ നിന്ന് കിട്ടുന്ന ആദായം കൊണ്ട് ഒരു കുടുംബകത്തിന് കഴിയാമായിരുന്നു. ഇന്നത്തെകാകാര്യം പറയാതിരിക്കുകയാവും ഭേദം. കാലിത്തീറ്റയിലെ യൂറിയ പശുക്കളെ മാത്രമല്ല പാല് കുടിക്കുന്ന മനുഷ്യനെയും രോഗിയാക്കും. ഈ പേജ് കൂടി കാണുക.
Post a Comment