Thursday, May 22, 2008

കാര്‍ഷികമേഖല വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന തൊഴില്‍ രംഗം

കാര്‍ഷികമേഖല ഇന്ന് ഒരു വഴിത്തിരിവിലാണ്; ഇപ്പോഴത്തേ ലക്ഷണം കണ്ടാല്‍ ഈ തൊഴില്‍ രംഗം ഈ തലമുറയോടെ അന്യംനിന്നു പോകും എന്നാണു തോന്നുന്നത്. പുതിയ തലമുറക്കു ഈ രംഗത്തേക്കു കടന്നു വരാന്‍ ഒട്ടും താല്പര്യമില്ല; അവരേ പഴിച്ചിട്ടു കാര്യമില്ല, കൃഷി മണ്ടന്‍മാര്‍ക്കു നീക്കിവച്ച ഒരു തൊഴിലാണ് എന്നാണ് അവര്‍ കരുതുന്നത്. അതുകൊണ്ട് പുതിയ തലമുറ സുരക്ഷിതമേഖല എന്ന നിലക്കു +2 കഴിഞ്ഞാല്‍ ഉടന്‍ തന്നെ എന്ര-ന്‍സ് എഴുതുന്നു, കിട്ടിയില്ലെങ്കില്‍ രക്ഷിതാക്കളെക്കൊണ്ടു കടമെടുപ്പിച്ചെങ്കിലും ഒരു വര്‍ഷത്തെ പ്രവേശന പരീക്ഷ കോഴ്സിനു ചേരുന്നു. രക്ഷിതാവ് ഒരു കര്‍ഷകനാണെങ്കില്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തെ അദ്ധ്വാനഫലമാണ് ഇതിനായി വിനിയോഗിക്കേണ്ടി വരുന്നത്. ഒരു വര്‍ഷത്തേ അഭ്യാസം കഴിഞ്ഞാലും ഭാഗ്യവാന്മാര്‍ക്കുമാര്‍ക്കു മാത്രമേ എന്റ-ന്‍സ് ലഭിക്കുകയുള്ളു എന്നതു വേറെ കാര്യം. ഇങ്ങനെ എല്ലാവരും കണ്ടമാനം സംഖ്യ ചെലവുചെയ്ത് എഞ്ചിനീയര്‍മാരും ഡോക്ടര്‍മാരും ആയാല്‍ അവരുടെ ഭാവിയേ പറ്റി ഒന്നു ആലോചിച്ചുനോക്കൂ. സമീപഭാവിയില്‍ തന്നെ ഓട്ടോ ഓടിക്കുന്ന എഞ്ചിനീയറേയും, വില്ലേജ് ഓഫീസില്‍ ഗുമസ്തനായി ഒരു ഡോക്ടറേയും വീട്ടിലെ പ്ലംബിങ്ങ് റിപയറിനു ഒരു മെക്കാനിക്കല്‍ എഞ്ചിനീയറേയും പലചരക്കു പീടിക നടത്തുന്ന വക്കീലിനേയും പ്രതീക്ഷിക്കാം. ദൌര്‍ഭാഗ്യമുണ്ടെങ്കില്‍ കര്‍ഷകത്തൊഴിലാളിയായിപോലും ഇത്തരക്കാരെ കിട്ടുമെന്നു തോന്നുന്നു.

2 comments:

നന്ദു said...

വളരെ നല്ല ഒരു വിഷയം ആണ് ശ്രീ ശശി ഇവിടേ ഉന്നയിച്ചത്. എല്ലാരും വൈറ്റ് കോളർ ജോലിയ്ക്കു വേണ്ടിയുള്ള തിരക്കിലാണ് ഞാനുൾപ്പെടേ. എന്റെ മോൾ +2 കഴിഞ്ഞപ്പോൾ എഞ്ചിനീയറിങിനു വിട്ടു ദാ അടുത്ത് മോൻ എസ് എസ് എൽ സി കഴിഞ്ഞപ്പോൾ മുതൽ ചിന്തിക്കുന്നത് എഞ്ചിനീയറിങിനു ഏതു ബ്രാഞ്ചെടുക്കണം അതിനായി +1 നു ഏത് സബ്ജക്റ്റെടുക്കണം എന്നൊക്കെയാണ്. കാർഷിക മേഖലയോടുള്ള ഇഷ്ടം മൂത്ത് “വേണ്ട നീ പഠിക്കണ്ട തൂമ്പയെടുത്ത് പറമ്പിലേക്ക് പോയാൽ മതീ “ ന്നു മോനോട് പറയാൻ എന്റെ മനസ്സ് അനുവദിക്കുമോ? കാലം വളരുന്നതിനനുസരിച്ച മാറ്റങ്ങൾ സമൂഹത്തിലും പടരുന്നു. പണ്ട് എന്റെയൊക്കെ കുഞ്ഞുനാളിൽ കൃഷി ചെയ്യാൻ പണിക്കാരെ ധാരാളം കിട്ടും പക്ഷെ ഇന്ന് ജോലിക്കാരെ കിട്ടാൻ ബുദ്ധിമുട്ടാണ് ജീവിത സാഹചര്യങ്ങൾ മാറിയപ്പോൾ കാർഷിക ജോലികൾ ക്കു വന്നിരുന്നവരും തങ്ങളുടേ മക്കൾക്ക് നല്ല വിദ്യാഭ്യാസം നൽകണം എന്നു ചിന്തിച്ചു. അതിന്റെ ഫലം അടുത്ത തലമുറ പാടത്തേയ്ക്കിറങ്ങാനും തെങ്ങിൽ കയറാനും വിസമ്മതിച്ചു. ഭൂമിയിൽ സ്വന്തമായി അദ്ധ്വാനിക്കാൻ കർഷകന്റെ അടൂത്ത തലമുറയും തയാറായില്ല. അപ്പോൾ പിന്നെ ഈ കൃഷി ആരു നടത്തും. വരും കാലം ഇതിലും വഷളാവാനാണ് സാദ്ധ്യത. വർധിച്ചു വരുന്ന ആവശ്യങ്ങൾ കൃഷിഭൂമിയെ വാസസ്ഥലങ്ങളായി മാറ്റും. പിന്നെ തരിമ്പിനു പോലും ഒരു തുണ്ട് കൃഷി ഭൂമി ഉണ്ടാവില്ല.

പണിക്കാരുടെ അഭാവം, വളം - കീടനാശിനി തുടങ്ങിയവയുടെ വിലവർദ്ധന, ഉൽ‌പ്പാദിപ്പിക്കുന്ന വസ്തുക്കൾക്ക് ന്യായമായ വില ലഭിക്കാതിരിക്കൽ തുടങ്ങിയവയാണ് കർഷകരെ ഈ രംഗത്തു നിന്നും പിന്മാറാ‍ൻ പ്രേരിപ്പിക്കുന്ന മറ്റു ചില ഘടകങ്ങൾ എന്നു കരുതുന്നു.

കാർഷിക രംഗത്ത് സജീവമായ ചന്ദ്രേട്ടനെപ്പോലുള്ളവർ ഇതിൽ മറുപടി പറയുമെന്നു കരുതട്ടെ..

keralafarmer said...

ഒരു കാലത്ത് വീടിനടുത്ത് വയ്കോല്‍ പന്തല്‍ ഒരഭിമാനമായിരുന്നു. ജൈവ സമ്പുഷ്ടമായിരുന്ന മണ്ണില്‍ രാസവളങ്ങളും കീടനാശിനികളും പ്രയോഗിക്കുന്നതിലുടെ അമിതോത്പാദനം ലഭ്യമാക്കി വിലയിടിച്ച് മണ്ണില്‍ പണിയെടുക്കാത്തവരെ തീറ്റിപ്പോറ്റി. കുറച്ച് കാലം കൂടി ഇതെപോലെ പോകും. അതിന് ശേഷം കൃഷി ആകര്‍ഷകമായാല്‍പ്പോലും കള്ളനെ ഭയന്ന് കൃഷിചെയ്യാന്‍ കഴിയാത്ത ഒരവസ്ഥ വരും. പക്ഷി മൃഗാദികളെ അപേക്ഷിച്ച് മനുഷ്യ വര്‍ഗത്തിന്റെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്നു. അതും ഒരപകടം തന്നെയാണ്. മണ്ണിലം മൂലകങ്ങളുടെ അസന്തുലിതാവസ്ഥ രോഗങ്ങള്‍ ഏറുവാന്‍ കാരണമായി മാറി. ആളുകളുടെ എണ്ണം കൂടിയിട്ടും പണിക്ക് യന്ത്രത്തെ ആശ്രയിക്കേണ്ട ഗതികേടിലാണ് കര്‍ഷകര്‍. കൂലി കാര്‍ഷികോത്പന്നമാണെങ്കില്‍ കര്‍ഷകന് പിടിച്ച് നില്‍ക്കാമായിരുന്നു. കൂലി പണമായി നല്‍കേണ്ടി വരുന്നത് കര്‍ഷകര്‍ക്ക് നഷ്ടകൃഷി നടത്തുവാന്‍ വഴിയൊരുക്കുന്നു. കര്‍ഷകര്‍ അസംഘടിതരായത് പലര്‍ക്കും മുതലെടുക്കുവാന്‍ അവസരമൊരുക്കുന്നു. കാര്‍ഷികോത്പന്നങ്ങളുടെ വില വര്‍ദ്ധന പലര്‍ക്കും ദഹനക്കേടാണ്. കര്‍ഷകന് ബാങ്ക് വായ്പകള്‍ നല്‍കി അവനെ വീണ്ടും കടക്കെണിയിലേയ്ക്ക് തള്ളിവിടുകയല്ലെ ചെയ്യുന്നത്?
പാംഓയില്‍ ഇറക്കുമതി നാളികേരം, കടുക്, നിലക്കടല, എള്ള് മുതലായ കൃഷിയെ തകര്‍ത്തു. ഒരേ സാധനം ഇറക്കുമതി കയറ്റുമതി ചെയ്ത് പലരും സമ്പന്നരാകുന്നു. റബ്ബര്‍ ഇറക്കുമതി അന്താരാഷ്ട്ര വില ഉയര്‍ത്തും അതേപോലെ കയറ്റുമതി വിലയിടുവുണ്ടാക്കും. വിരോധാഭാസം.
സ്വന്തം കൃഷി ഭൂമി സംരക്ഷിച്ച് കൃഷിചെയ്താല്‍ ആരോഗ്യം സംരക്ഷിക്കാം. വാങ്ങിത്തിന്നുനനവര്‍ രോഗം ക്ഷണിച്ചുവരുത്തും.
"സമീപഭാവിയില്‍ തന്നെ ഓട്ടോ ഓടിക്കുന്ന എഞ്ചിനീയറേയും, വില്ലേജ് ഓഫീസില്‍ ഗുമസ്തനായി ഒരു ഡോക്ടറേയും വീട്ടിലെ പ്ലംബിങ്ങ് റിപയറിനു ഒരു മെക്കാനിക്കല്‍ എഞ്ചിനീയറേയും പലചരക്കു പീടിക നടത്തുന്ന വക്കീലിനേയും പ്രതീക്ഷിക്കാം. ദൌര്‍ഭാഗ്യമുണ്ടെങ്കില്‍ കര്‍ഷകത്തൊഴിലാളിയായിപോലും ഇത്തരക്കാരെ കിട്ടുമെന്നു തോന്നുന്നു." അതിനായി കാത്തിരിക്കാം കര്‍ഷകര്‍ക്ക്.